One memorable day experience at puthenvelikara
One memorable day experience at puthenvelikara

One memorable day experience at puthenvelikara

C S Meenakshi28 march 2021 Puthenvelikkara

ഇന്നലെ പുത്തൻ വേലിക്കരയിലായിരുന്നു. എത്രയോ നാളായി മോഹിക്കുന്ന കാര്യം. പണ്ട് ചാലക്കുടിയിൽ നിന്ന് മാഞ്ഞാലി, കണക്കക്കടവ്, പുത്തൻവേലിക്കര എന്നൊക്കെ ബോർഡുകൾ വെച്ച ബസ്സുകൾ കാണുമ്പോൾ എവിടെ, എങ്ങനെ ആയിരിക്കും ഈ സ്ഥലങ്ങൾ എന്നാലോചിച്ചിരുന്നുകേരളത്തിലെ രണ്ടു പ്രധാനനദികളായ പെരിയാറും ചാലക്കുടിപ്പുഴയും കൂടിച്ചേരുന്ന, ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത് കായലും കനിഞ്ഞനുഗ്രഹിച്ച ഇടം. വിതച്ച് അധികമാകാത്ത ഇളം പച്ചയും മുതിർന്നു നിൽക്കുന്ന കടും പച്ചയും, വിളഞ്ഞ കതിരിന്റെ തവിട്ട് നിറവും, കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ സ്വർണ്ണവർണ്ണവും വിശാലമായ നീലാകാശത്തിന് കീഴെ പരന്നു കിടക്കുന്നു. ചുറ്റുമുള്ള നീലജലാശയങ്ങൾ ആകാശനീലയെ പുണരുന്നു.മാവുകൾ കായ്ച്ചു കിടക്കുന്നു. പ്ലാവുകൾ പല രൂപത്തിലുള്ള ചക്കകളാൽ സമൃദ്ധം. കുഞ്ഞു കുഞ്ഞ് ആഞ്ഞിലി ചക്കകൾ മഞ്ഞമുൾ ചൊടികൾ പിളർത്തി വീണുകിടക്കുന്നു. പുഴക്കരയിൽ മുളങ്കാടുകൾ പീലി വിരിച്ചാടുന്നു.സ്റ്റേഷൻ കടവും, ചൗക്കക്കടവും, ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള നരസിംഹസ്വാമി ക്ഷേത്രവും, സ്‌കൂളുകളും, നാടൻ ചായക്കടകളും മണ്ണിടവഴികളും കടവുകളിലേക്ക് പോകുന്ന തണലു വിരിച്ച ഒറ്റപ്പാതകളും ഒക്കെ ഉള്ള ഒരു ഗ്രാമം.

പുഴയിലൂടെ ഒഴുകി നീങ്ങുന്ന തോണികൾ, കായലിൽ ആഴ്ന്നുകിടക്കുന്ന വലകൾ, പുഴയ്ക്ക് നടുവിൽ തപസ്സിരിക്കുന്ന ശിലകൾ, മഴയത്ത് പുഴയിലേക്ക്തന്നെ ചെന്നുചേരുന്ന മണൽ കൊണ്ടുണ്ടാക്കിയ ബണ്ട്, ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്നു. ഇത്തിരി പടിഞ്ഞാട്ടേക്ക് പോയാൽ പെരിയാർ അറബിക്കടലിനെ പുണരുന്ന അഴിമുഖമായി. ഒരു സ്കൂൾ വിനോദയാത്രയ്ക്ക് അഴീക്കോട്‌ പോയതും സെന്റ് തോമസ് പുണ്യാളന്റെ ചില്ലിലിട്ടുവെച്ച എല്ല് മുത്തിയതും ഓർമ്മ വന്നു.2018ലെ പ്രളയം താണ്ഡവമാടിയ പ്രദേശം.വെള്ളം കയറിയിറങ്ങിപ്പോയ ഓർമ്മപ്പാടുകൾ ചുമരുകളിലുണ്ട്. മലവെള്ളം കൊണ്ടുവന്നു നിക്ഷേപിച്ചുപോയ മരത്തടികളിൽ വിട്ടുപോന്ന കാടിന്റെ ഓർമ്മകൾ പൂതലിച്ചിട്ടുണ്ട്.വെള്ളപ്പൊക്കക്കാലത്ത് ഒരുമിച്ച നാട്ടുകാർ പിന്നെ പിരിഞ്ഞില്ല. ഇപ്പോഴും കൈകോർത്തുകൊണ്ട് പല പ്രവർത്തനങ്ങൾ നടത്തുന്നു. അതിൽ കൃഷിക്കാരുണ്ട്, മീൻപിടിത്തക്കാരുണ്ട്. വിരമിച്ച സൈനികരും, അദ്ധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. കൂടെത്തന്നെ ഊർജ്ജസ്വലരായ യുവജനതയും.എല്ലാറ്റിനും ചുക്കാൻ പിടിച്ചുകൊണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജനും.പ്രളയം പോലെ അവിചാരിതമായി ഒരു പ്രകൃതിദുരന്തത്തെ പകച്ചു നിൽക്കാതെ നേരിടാൻ, വേണ്ട പ്രതിരോധപ്രവർത്തനങ്ങളിലേർപ്പെടാൻ ഒക്കെയുള്ള ഒരുക്കങ്ങളിലാണവർ. അതിന്റെ ഭാഗമായി ശാസ്ത്രീയജ്ഞാനവും നാട്ടറിവുകളും കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാവിഷ്‌ക്കരിക്കുകയാണ് അവർ.അങ്ങിനെയാണ് അഞ്ചാറു മാസം മുൻപ് ഷാജൻ എന്ന മുൻ പഞ്ചായത്തംഗമായ സാമൂഹ്യപ്രവർത്തകൻ എന്നെ വിളിക്കുന്നത്. മാല്യങ്കര എസ് എൻ എഞ്ചിനീയറിംഗ് കോളേജുമായി ചേർന്ന് അവരൊരു സർവ്വേ ആസൂത്രണം ചെയ്യുകയാണ്. ഭൗമചാപം എന്ന പുസ്തകവും അവർക്ക് ഉത്തേജനമായിട്ടുണ്ട്.കൊടുങ്ങല്ലൂരിൽ ഒരു GTS ബെഞ്ച്മാർക്ക് ഉണ്ടെന്ന് പുസ്തകത്തിൽ കണ്ട് അതെവിടെയാണെന്ന് അന്വേഷിച്ചപ്പോൾ ജൂമാ മസ്ജിദിൽ (ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി )ആണെന്ന് മനസ്സിലായി. അങ്ങിനെ നൂറ്റി നാൽപ്പതോളം വർഷങ്ങൾക്കപ്പുറം ബ്രിട്ടീഷുകാർ സ്ഥാപിച്ചുപോയ ബെഞ്ച് മാർക്കിൽ നിന്ന് തുടങ്ങി റോഡിലൂടെ ഏഴരകിലോമീറ്റർ total station സർവേ ചെയ്ത് പുത്തൻവേലിക്കര സ്റ്റേഷൻ കടവെത്തിച്ചു 2020 നവംബറിൽ നടന്ന ആദ്യഘട്ടത്തിൽ. ഇപ്പോൾ 2021 മാർച്ച് 29ന് രണ്ടാംഘട്ട സർവേ തുടങ്ങുകയാണ്. Flood mapping ആണ് ലക്ഷ്യം. എവിടെ എത്രയെത്ര വെള്ളം കയറും എന്നൊക്കെ കണ്ടെത്തുകയും അതിനനുസരിച്ചു പ്രതിരോധപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പഞ്ചായത്തിലെ മൂന്നു നാലിടങ്ങളിൽ അവർ തന്നെ സ്ഥാപിച്ച നാടൻ മഴമാപിനികളുണ്ട്. അവയുടെ ദിവസേനയുള്ള അളവുകൾ ഗൂഗ്‌ൾ ഷീറ്റിൽ രേഖപ്പെടുത്തുകയും ഗ്രൂപ്പിൽ പങ്കിടുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ ദേശത്ത് മഴയുടെ സ്വഭാവം എങ്ങനെ മാറുന്നു എന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം.പരിസ്ഥിതി ജേർണലിസ്റ്റായ സുചിത്രയും ഞാനും പങ്കെടുത്ത മീറ്റിംഗിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവർ മാറുന്ന മഴയുടെ സ്വഭാവത്തെ ക്കുറിച്ച്, കടലിൽ വേലിയേറ്റം കൂടുന്നതിനെക്കുറിച്ച്, മീനുകൾ കുറയുന്നതിനെക്കുറിച്ച്, അതിവരൾച്ചയും അതിവർഷവും മാറിമാറി വരുന്നതിനെക്കുറിച്ച്, നെല്ല് കുറയുന്നതിനെക്കുറിച്ച് ഒക്കെയുള്ള ആശങ്കകൾ പങ്കുവെച്ചു. കാലവസ്ഥാവ്യതിയാനത്തിന്റെ നേർ സാക്ഷ്യങ്ങളായിരുന്നു അവരുടെ വാക്കുകൾ.നാട്ടറിവുകൾ പങ്കുവെയ്ക്കാനായി CRC എന്ന കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററിന്റെ പ്രാരംഭ കൂടിച്ചേരലായിരുന്നു അത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമായി.ഭൗമചാപം എന്ന പുസ്തകം പ്രായോഗികമായി ഇത്രയധികം പ്രയോജനപ്പെടുന്ന ഒരു സർവേപ്രവർത്തനത്തിന് ഉത്തേജകമായതിൽ എനിക്ക് അതീവ കൃതാർത്ഥത തോന്നി. വാക്കിലും പ്രവൃത്തി യിലും ആത്മാർത്ഥതയുള്ള വളരെ genuine ആയ ഒരു കൂട്ടം നല്ല മനുഷ്യരെ പരിചയപ്പെടാനും സാധിച്ചു. ഗ്രാമാവികസനവകുപ്പിൽ നിന്ന് വിരമിച്ച മായ, സോഫ്റ്റ്‌വെയർ രംഗത്തു പ്രവർത്തിക്കുന്ന പ്രഥു, ഭാര്യ ആശ എന്നിവർ ഞങ്ങളെ ദിവസം മുഴുവനും കൊണ്ടുനടന്ന് സമീപപ്രദേശങ്ങൾ കാണിച്ചുതന്നു. ഒരു ദിവസം കൊണ്ട് ഞങ്ങൾ ചിരപരിചിതരെപ്പോലെ അടുത്തു. ചേന്ദമംഗലത്തെ ചേക്കുട്ടിത്തറികൾ, സിനഗോഗ്, തൊട്ടടുത്ത് അടുത്തകാലം വരെ ജൂതനായ ഏലിയാഹു താമസിച്ചിരുന്ന വീട്, ജൂമമസ്ജിദിലെ GTS Benchmark എല്ലാം കൊണ്ടുപോയി കാണിച്ചു തന്ന് അത്താണിയിൽ നിന്ന് ബസ് കേറ്റിത്തന്നിട്ടാണവർ പോയത്. പോരുമ്പോൾ ഞങ്ങളുടെ ബാഗിൽ ആശ സ്നേഹപൂർവ്വം തന്ന മൂവാണ്ടന്മാങ്ങയും കടുമാങ്ങയും ഉണ്ടായിരുന്നു.നല്ല മനുഷ്യരെ കണ്ട, അർത്ഥവത്തായ പ്രവർത്തനങ്ങളുടെ ഭാഗഭാക്കാകാൻ കഴിഞ്ഞ നല്ല ഒരു ദിവസം. ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു birthday eve C S Meenakshi28 march 2021

One memorable day experience at puthenvelikara

Leave a Reply

Your email address will not be published. Required fields are marked *