Quote
Quote

World Waterday 22/03/2022

പുത്തൻവേലിക്കരയിൽ ഭൂഗർഭ ജലവിതാനം താഴുന്നു

റിട്ട. അധ്യാപകനായ പി.എസ്. ബൈജുവും വിദ്യാർഥിയായ അഖിൽ മാളിയേക്കലും പുത്തൻവേലിക്കരയിലെ കിണറിൽ ഭൂഗർഭ ജലനിരപ്പ് അളക്കുന്നു

ടി.സി. പ്രേംകുമാർ

പറവൂർ

: വെള്ളത്താൽ ചുറ്റപ്പെട്ട പുത്തൻവേലിക്കരയിലും വേനൽ കടുക്കുമ്പോൾ ഭൂഗർഭ ജലവിതാനം അപകടകരമാംവിധം താഴുന്നതാണീ കണക്കുകൾ. മഴയുടെയും പുഴയിലെ ഏറ്റത്തിന്റെയും ഇറക്കത്തിന്റെയും കിണറുകളിലെ ജലവിതാനത്തിന്റെയും കണക്കുകളെടുക്കാൻ രൂപവത്‌കൃതമായ കമ്യൂണിറ്റി റിസോഴ്‌സ് സെന്ററിന്റെ കണക്കെടുപ്പ് രേഖകളിലാണ് ജലസമൃദ്ധിയുടെ നാട്ടിൽ ജലലഭ്യത കുറഞ്ഞുവരുന്നതായി കാണുന്നത്‌.

ശുദ്ധജല സ്രോതസ്സായ ചാലക്കുടിയാറും ഉപ്പുവെള്ളമുള്ള പെരിയാറും സന്ധിച്ച് ചുറ്റിയൊഴുകുന്ന പ്രദേശമാണ് പുത്തൻവേലിക്കര. 2018-ലെ പ്രളയം ഈ ഗ്രാമത്തെ വല്ലാതെ മുക്കിക്കളഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം പ്രദേശത്തിനുണ്ടാക്കുന്ന ദുരിതങ്ങൾ പഠിക്കുന്നതിനായാണ് കമ്യൂണിറ്റി റിസർച്ച് സെന്റർ രൂപവത്കരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയത്.

കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സി.ജി. മധുസൂദനന്റെ സാങ്കേതിക ഉപദേശത്തിലാണ് ഇതിന്റെ പ്രവർത്തനം. റിട്ട. അധ്യാപകനായ പി.എസ്. ബൈജുവും പ്ലസ് ടു വിദ്യാർഥിയായ അഖിൽ മാളിയേക്കലുമാണ് നിത്യവും കിണറുകളിലെ ഭൂഗർഭ ജലത്തിന്റെ അളവെടുക്കുന്നത്.

കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ മാർച്ച് 21 വരെയുള്ള ഓരോ ദിവസത്തെയും കണക്കെടുപ്പുപ്രകാരം ഒമ്പത് മീറ്റർ ആഴമുള്ള എളന്തിക്കര കുന്നിലെ കിണറിൽ ജലനിരപ്പ് ഒന്നര മീറ്റർ താഴ്ന്നതായാണ് കണക്ക്‌. പുഴയോട് ചേർന്നുകിടക്കുന്ന സമതലപ്രദേശത്തെ കിണറ്റിൽ ഈ കാലയളവിൽ ഒരു മീറ്റർ 48 സെന്റിമീറ്റർ കുറവുവന്നിട്ടുണ്ട്.

ഓരോ ദിവസവും ഒന്ന്, രണ്ട് സെന്റീമീറ്റർ വീതം ജലവിതാനം താഴുന്നു. നാൽപ്പതോളം അംഗങ്ങളുള്ള കമ്യൂണിറ്റി റിസോഴ്‌സ് സെന്റർ അഞ്ച് സ്ഥലങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ച് മഴയുടെ കണക്കെടുപ്പ്‌ നടത്തുന്നുമുണ്ട്. അതുപോലെ അഞ്ചുപേർ നിത്യവും പുഴയിലെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും അളവ് രേഖപ്പെടുത്തി കൃത്യമായി സെന്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഒരിടത്ത് ഭൂഗർഭജലം താഴുമ്പോൾ പുത്തൻവേലിക്കരയുടെ കായലോര പ്രദേശങ്ങളിൽ രൂക്ഷമായ വേലിയേറ്റവും ദുരിതം സൃഷ്ടിക്കുന്നു. വെള്ളോട്ടുപുറം പ്രദേശത്ത് വേലിയേറ്റത്തിൽ 30 സെന്റിമീറ്ററിലധികം വെള്ളം ഉയർന്നതായാണ് കണക്ക്. കാലവർഷക്കാലത്തെ ശക്തമായ മഴയും വേനലിലെ അപ്രതീക്ഷിത മഴയും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2021 മേയ് മാസത്തിൽ 744 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി പെയ്തത്. ഇതുമൂലം മണൽബണ്ട് പൊട്ടുന്നതിനും ഇടയാക്കി. അതിവർഷവും വരൾച്ചയും കൃഷി-കുടിവെള്ള വിതരണം എന്നിവയെ പാടെ ബാധിക്കുന്നതായി 30 വർഷമായി ജലസംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകിയിട്ടുള്ള എം.പി. ഷാജൻ പറഞ്ഞു. കമ്യൂണിറ്റി റിസോഴ്‌സ് സെന്റർ വിവിധ സർക്കാർ വകുപ്പുകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.